അനുസ്മരണം

സ. ഇ.എം.എസ്‌ ദിനം - മാര്‍ച്ച്‌ 19

സ: ഇ.എം.എസ്‌ 1998 മാര്‍ച്ച്‌ 19 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന്‌ ഉജ്വല സംഭാവനയാണ്‌ സ: ഇ.എം.എസ്‌ നല്‍കിയത്‌. സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ്‌ തന്റെ പൊതുപ്രവര്‍ത്തനം ഇ.എം.എസ്‌ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ കോണ്‍ഗ്രസ്സുകാരനായി രാഷ്‌ട്രീയ ജീവിതത്തിലേക്ക്‌ അദ്ദേഹം പ്രവേശിച്ചു. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട്‌ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി. തുടര്‍ന്നാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്‌. സി.പി.ഐ (എം) ന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണം വരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായിരുന്നു.

സ. എ.കെ.ജി ദിനം - മാര്‍ച്ച്‌ 22

സ: എ.കെ. ഗോപാലന്‍ 1977 മാര്‍ച്ച്‌ 22-ാം തീയതിയാണ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിനകത്തും പുറത്തും ഉജ്വലമായ നിരവധി പോരാട്ടങ്ങള്‍ നയിച്ച സഖാവാണ്‌ എ.കെ.ജി. പാവങ്ങളുടെ പടത്തലവന്‍ എന്ന പേര്‌ തന്നെ ലഭിച്ചത്‌ ഇതുകൊണ്ടാണ്‌.

1904 ഒക്‌ടോബര്‍ ഒന്നാംതീയതിയാണ്‌ കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ എ.കെ.ജി ജനിച്ചത്‌. 1927 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ഖാദി പ്രചരണത്തിലും ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. 1930 ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റിലായി. പിന്നീട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലും അംഗമായി. 1937 ല്‍ അദ്ദേഹം നയിച്ച പട്ടിണിജാഥ പ്രസിദ്ധമാണ്‌. 1939 ല്‍ ജയിലിലായെങ്കിലും 1942 ല്‍ അദ്ദേഹം ജയില്‍ ചാടി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എ.കെ.ജി ജയിലിലായിരുന്നു. അഞ്ചുതവണ ലോകസഭാംഗമായിട്ടുണ്ട്‌. ലോകസഭയിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്നു. 1964 ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു എ.കെ.ജി. പാര്‍ടി പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്നു.

സ: ടി.കെ. രാമകൃഷ്‌ണന്‍ ദിനം - ഏപ്രില്‍ 21

സ: ടി.കെ. രാമകൃഷ്‌ണന്‍ 2006 ഏപ്രില്‍ 21 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. കര്‍ഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച സഖാവ്‌ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയരംഗത്ത്‌ ഇറങ്ങിയ ടി.കെ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ്‌ പൊതുപ്രവര്‍ത്തനരംഗത്ത്‌ സജീവമാകുന്നത്‌. സാംസ്‌കാരിക മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ചെയ്‌തു. എം.എല്‍.എ, മന്ത്രി എന്നീ നിലകളില്‍ ശ്രദ്ധേയമായി പ്രവര്‍ത്തിച്ച സഖാവിന്റെ ചരമദിനം ആചരിക്കുന്ന ഈ കാലഘട്ടം ഏറെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒന്നാണ്‌.

സ: ഇ.കെ. നായനാര്‍ ദിനം - മെയ്‌ 19

സ: ഇ.കെ. നായനാര്‍ 2004 മെയ്‌ 19 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യ സംഭാവന നല്‍കിയ നേതാവാണ്‌ സ: ഇ.കെ. നായനാര്‍. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി, പോളിറ്റ്‌ ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിലെ സഖാവിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. മികച്ച സംഘാടകന്‍, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമരസേനാനി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം ആറുപതിറ്റാണ്ടിലേറെക്കാലം കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന സ: നായനാരുടെ പ്രവര്‍ത്തനം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക്‌ എക്കാലവും ആവേശം പകരുന്നതാണ്‌.

സ: പി. കൃഷ്‌ണപിള്ള ദിനം - ആഗസ്റ്റ്‌ 19

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ സ.കൃഷ്‌ണപിള്ള 1948 ആഗസ്റ്റ്‌ 19 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. 1937 ല്‍ കോഴിക്കോട്ട്‌ രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഒളിവ്‌ ജീവിതത്തിനിടെ പാമ്പുകടിയേറ്റായിരുന്നു സഖാവിന്‍െറ മരണം. അതുല്യമായ സംഘടന ശേഷിയും ഉറച്ച കമ്യൂണിസ്റ്റ്‌ ബോധവും സന്നദ്ധതയും മനുഷ്യസ്‌നേഹവും ധീരതയും സമ്മേളിച്ച അതുല്യ വ്യക്തിത്വമായിരുന്നു കൃഷ്‌ണപിള്ളകൃഷ്‌ണപിള്ളയുടേത്‌.

സ: ചടയന്‍ ഗോവിന്ദന്‍ ദിനം - സെപ്‌റ്റംബര്‍ 9

സ: ചടയന്‍ ഗോവിന്ദന്‍ 1998 സെപ്‌റ്റംബര്‍ 9 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേയാണ്‌ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. നമ്മുടെ നാട്‌ അതീവഗൗരവതരമായ പ്രശ്‌നങ്ങള്‍ നേരിട്ടുവന്ന ഘട്ടത്തിലുണ്ടായ സഖാവിന്റെ വേര്‍പാട്‌ നാടിനും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌. എല്ലാവിധ വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടിക്കൊണ്ട്‌ പാര്‍ടിയെയും വര്‍ഗപ്രസ്ഥാനങ്ങളെയും മുന്നോട്ട്‌ നയിക്കുന്നതിനാണ്‌ സ: ചടയന്‍ ജീവിതത്തിലുടനീളം പരിശ്രമിച്ചത്‌. സഖാവ്‌ കാട്ടിത്തന്ന ഈ മാതൃക പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നോട്ട്‌ പോകുന്നതിന്‌ നമുക്ക്‌ കരുത്ത്‌ നല്‍കുന്നതാണ്‌.

സ: അഴീക്കോടന്‍ രാഘവന്‍ ദിനം - സെപ്‌തംബര്‍ 23

സ: അഴീക്കോടന്‍ 1972 സെപ്‌റ്റംബര്‍ 23 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. തീവ്രവാദത്തിന്‍െറ പൊയ്‌മുഖമണിഞ്ഞ ഒരു സംഘം തൃശൂരില്‍ രാത്രിയുടെ മറവില്‍ സഖാവിനെ അരും കൊല ചെയ്യുകയായിരുന്നു. ഭരണവര്‍ഗത്തിന്‍െറ ഒത്താശയോടെ നടത്തിയ ആ ക്രൂരകൃത്യം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും പ്രബുദ്ധകേരളത്തിനും ഒരിക്കലും മറക്കാനാകില്ല.

പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായും, ഇടതുമുന്നണി കണ്‍വീനറായും പ്രവര്‍ത്തിച്ച സ: അഴിക്കോടന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയും വര്‍ഗ പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും ഇടതു-വലത്‌ പ്രവണതകള്‍ക്കെതിരായി പൊരുതി പാര്‍ടിയെ മുന്നോട്ടുനയിക്കുന്നതിലും സുപ്രധാന പങ്കാണ്‌ സഖാവ്‌ നിര്‍വ്വഹിച്ചത്‌.

സ: സി.എച്ച്‌. കണാരന്‍ ദിനം - ഒക്‌ടോബര്‍ 20

കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും വളര്‍ത്തിയെടുക്കുന്നതില്‍ പ്രമുഖ പങ്ക്‌ വഹിച്ച സ. സി.എച്ച്‌. കണാരന്‍ 1972 ഒക്‌ടോബര്‍ 20 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. അന്ധവിശ്വാസവും അനാചാരങ്ങളും ജന്മിനാടുവാഴി വ്യവസ്ഥയുടെ കൊടിയ ചൂഷണവുമെല്ലാം നിലനിന്ന കേരളീയ സമൂഹത്തെ പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്ജ്വലമായ പങ്കാണ്‌ സിഎച്ച്‌ നിര്‍വ്വഹിച്ചത്‌. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും പോരാട്ടങ്ങളില്‍ അണിനിരത്തി ബഹുജനപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതിനും സി.എച്ച്‌ വഹിച്ച പങ്ക്‌ എക്കാലവും സ്‌മരിക്കപ്പെടും. ഇടതുപക്ഷ തീവ്രവാദവും വലതുപക്ഷ അവസരവാദവും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ വഴിതെറ്റിക്കാന്‍ പരിശ്രമിച്ചപ്പോഴെല്ലാം തെറ്റായ വ്യതിയാനങ്ങള്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടി പാര്‍ട്ടിയേയും വര്‍ഗ്ഗപ്രസ്ഥാനങ്ങളേയും ശരിയായ പാതയില്‍ നയിക്കാന്‍ സി.എച്ച്‌ കാട്ടിയ മാതൃക കമ്മ്യൂണിസ്റ്റ്‌കാര്‍ക്കെല്ലാം ആവേശം പകരുന്നതാണ്‌.

സ: സുശീലാ ഗോപാലന്‍ ദിനം - ഡിസംബര്‍ 19

സ: സ: സുശീലാ ഗോപാലന്‍ 2001 ഡിസംബര്‍ 19 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. തൊഴിലാളി-മഹിളാ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയ അവര്‍ 1971 ല്‍ കയര്‍ വര്‍ക്കേഴ്‌സ്‌ സെന്റര്‍ രൂപീകരിച്ചതുമുതല്‍ മരണംവരെ അതിന്റെ പ്രസിഡന്റായിരുന്നു. വ്യവസായമന്ത്രി എന്ന നിലയിലും പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്‌ സ: സുശീല നടത്തിയത്‌

സ: എ. കണാരന്‍ ദിനം - ഡിസംബര്‍ 19

സ: സ: എ. കണാരന്‍ 2004 ഡിസംബര്‍ 19 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു സ: എ. കണാരന്‍ നമ്മെ വിട്ടുപിരിഞ്ഞുപോയിട്ട്‌ നാലുവര്‍ഷം തികയുകയാണ്‌. നിയമസഭയ്‌ക്കകത്തും പുറത്തും കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിട്ടുവീഴ്‌ചയില്ലാതെ ഏതു പ്രതിസന്ധിഘട്ടത്തിലും ഉറച്ചുനിന്നു പോരാടി. പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായിരിക്കെയാണ്‌ അന്തരിച്ചത്‌.

രക്തസാക്ഷികള്‍

പത്രക്കുറിപ്പുകള്‍