വിമാനക്കമ്പനികളുടെ കൊള്ള തടയണം: സിപിഐ എം

ഗള്‍ഫ് യാത്രക്കാരെയാകെ ബുദ്ധിമുട്ടിലാക്കി അമിതമായി വിമാനയാത്രാനിരക്ക് വര്‍ധിപ്പിച്ച വിമാനക്കമ്പനികളുടെ കൊള്ള നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യം മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന രീതിയില്‍ വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്.ഇത്തിഹാദ് എയര്‍ലൈന്‍സ്പോലുള്ള വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയുന്ന തരത്തിലാണ് ചാര്‍ജുകള്‍ കൂട്ടിയത്. എയര്‍ അറേബ്യ, എയര്‍ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികള്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് കോഴിക്കോടുനിന്ന് 35,000 രൂപവരെ സെപ്തംബറില്‍ ഈടാക്കാനുള്ള തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് മറ്റു വിമാനക്കമ്പനികളും ചാര്‍ജ് കൂട്ടിയത്. ഈ പകല്‍ക്കൊള്ള തടയാന്‍ നടപടിയെടുക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ട പ്രവാസിസമൂഹത്തെ പിഴിയാന്‍ വിമാനക്കമ്പനികള്‍ക്ക് അനുവാദം നല്‍കുകയാണ്. യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.