ബിജുരമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാറിപ്പോര്‍ട്ടും സാഹചര്യപരമായ തെളിവുണ്ടായിട്ടും മാണിയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് എന്താണ് തടസ്സം.

വിജിലന്‍സ് ഡയറക്ടറെയും അനേ്വഷണ ഉദേ്യാഗസ്ഥരെയും ആരാണ് മൂക്കുകയറിട്ട് പിടിക്കുന്നത്. നിയമോപദേശത്തിന്‍റെ പേരില്‍ മാണിയെ രക്ഷിക്കാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നതെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്. നിയമത്തെയും അനേ്വഷണ ഏജന്‍സികളുടെ സ്വതന്ത്രമായ അധികാരത്തെയും കാറ്റില്‍പറത്തി അഴിമതിക്കാരനായ മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്. എല്ലാം ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്.

യു.ഡി.എഫിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രതിഫലിച്ചല്ലോ. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലെ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടല്ലോ. കോഴിക്കോട് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവും യൂത്ത്‌കോണ്‍ഗ്രസ് സമ്മേളനവും കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പും ജീര്‍ണതയുമെല്ലാം പ്രകടമാക്കിയ സംഭവമായിരുന്നു. യൂത്ത്‌കോണ്‍ഗ്രസുകാര്‍ അവരുടെ പ്രമേയത്തില്‍ ഈ സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന പരാമര്‍ശം നടത്തി. രാജാവ് നഗ്നനാണെന്നകാര്യം ആരും അറിയാതിരിക്കേണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ ഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടു മാറ്റിച്ചുപോലും.

സിദ്ദിഖിനെതിരായ മുന്‍ഭാര്യയുടെ കേസ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കായി പുകയുകയാണ്. മുന്നണിക്കകത്തും കോണ്‍ഗ്രസിനകത്തും പരസ്പരം പാരവെക്കുന്ന നേതാക്കളും ഘടകക്ഷിക്കളുമാണെന്നകാര്യം പകല്‍പോലെ വ്യക്തമാകുകയാണ്. രാഹുല്‍ ഗാന്ധിയെ ചാവക്കാട്ടെ മത്സ്യത്തൊഴിലാളികള്‍ക്കുമുമ്പിലും കോട്ടയത്തെ റബ്ബര്‍ കൃഷിക്കാര്‍ക്കുമുമ്പിലും രക്ഷകനാക്കി വേഷം കെട്ടിച്ച ആന്റണിയോടും സുധീരനോടുമെല്ലാം സാധാരണകോണ്‍ഗ്രസുകാര്‍ പോലും ചോദിക്കുന്നത് യു.പി.എ ഭരണകാലം മുതല്‍ നടപ്പാക്കിയ നയങ്ങളല്ലേ കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയതെന്നാണ്. ബി.ജെ.പി.യെപോലെ ജനദ്രോഹനയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി സര്‍ക്കാരും അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ്. അതിന് മറയിടാനുള്ള വേലകളെല്ലാം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നകാര്യം യു.ഡി.എഫ് നേതാക്കള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.