മഴക്കാലത്തിനുമുമ്പ് നാടിനെ മാലിന്യമുക്തമാക്കി പകര്‍ച്ചവ്യാധികളെ അകറ്റാനുള്ള ബൃഹത്തായ ശുചീകരണപരിപാടിക്ക് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് തുടക്കമായി

ജില്ലയില്‍ മാലിന്യമുക്ത കേരളം പദ്ധതി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു . ജനകീയ കൂട്ടായ്മയില്‍ വീടുകള്‍, പൊതുസ്ഥലങ്ങള്‍, അഴുക്കുചാലുകള്‍ എന്നിവ ശുചീകരിക്കുന്നതാണ് പദ്ധതി. 30വരെ പ്രവര്‍ത്തനം തുടരും. സിപിഐ എം ബ്രാഞ്ച് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍. സന്നദ്ധ പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനകള്‍, വിദ്യാര്‍ഥി-യുവജന- മഹിളാ സംഘടനകള്‍ എന്നിവരെല്ലാം ശുചീകരണത്തില്‍ പങ്കാളികളാകും. മണ്ണില്‍നിന്ന് പ്ലാസ്റ്റിക്ക് വേര്‍തിരിച്ച് മാറ്റുകയാണ് ആദ്യം ചെയ്യുക. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ മാറ്റുകയും കൊതുക് വളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ നീക്കുകയും ചെയ്യും. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസും വളവുമാക്കി മാറ്റും. കോര്‍പറേഷന്‍ തലത്തില്‍ 27, 28 തിയ്യതികളിലാണ് ശുചീകരണം .