ജനകീയം ഈ നിര്‍ദേശപ്പെട്ടി
നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് കാരണം ജനം വലയുകയാണ്. ഇതിന് പരിഹാരം കാണാന്‍ അടുത്ത തവണ കോര്‍പറേഷന്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് കഴിയണം' തന്റെ അഭിപ്രായം എഴുതി പുതിയറ സ്വദേശിനി വി പി ബല്‍ക്കിസ് എല്‍ഡിഎഫ് എല്‍ഐസി കോര്‍ണറില്‍ സ്ഥാപിച്ച വികസനം ജനകീയം നിര്‍ദേശപ്പെട്ടിയില്‍ നിക്ഷേപിച്ചു. മിഠായിത്തെരുവ് നവീകരിക്കണം, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം തുടങ്ങി അഭിപ്രായങ്ങള്‍ എല്‍ഡിഎഫ് സ്ഥാപിച്ച നിര്‍ദേശപ്പെട്ടിയില്‍ ജനങ്ങള്‍ എഴുതിയിടുന്നുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങളുടെ നേരിട്ടുള്ള അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ച് പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശപ്പെട്ടികള്‍ സ്ഥാപിച്ചത്. ജില്ലയിലെ പ്രധാന അങ്ങാടികളിലും ഗ്രാമ-ബ്ലോക്ക്- മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിലുമെല്ലാം ഇതിനകം നിര്‍ദേശ പെട്ടികള്‍ സ്ഥാപിച്ചു കഴിഞ്ഞു. മിക്കയിടത്തും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ നിരവധി പേര്‍ എത്തി. കോര്‍പറേഷന്‍ പരിധിയില്‍ മാത്രം നാല്‍പ്പത് കേന്ദ്രങ്ങളിലാണ് എല്‍ഡിഎഫിന്റെ ജനാഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള പെട്ടികള്‍ സ്ഥാപിച്ചത്. വന്‍ പ്രതികരണമാണ് മിക്കയിടത്തും ഉണ്ടായതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ മിഠായിത്തെരുവില്‍ എസ് കെ പ്രതിമക്ക് സമീപം സ്ഥാപിച്ച പെട്ടിയില്‍ നൂറുകണക്കിന് പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി നിക്ഷേപിച്ചത്. സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ തങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി പെട്ടിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍ദേശ പെട്ടികള്‍ സ്ഥാപിക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാവും ഇത്തവണ എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ടി ഈ രീതിയില്‍ ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്