ധനകാര്യ കമീഷനോട് സിപിഐ എം : തദ്ദേശസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തരുത്

തദ്ദേശഭരണസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ക്ക് ആക്കംകൂട്ടുന്ന നിലപാടില്‍നിന്ന് അഞ്ചാം ധനകമീഷന്‍ പിന്മാറണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. കമീഷന്റെ സമീപനരേഖയിലുള്ള ആശങ്കയും ഉല്‍ക്കണ്ഠയും കമീഷന്‍ വിളിച്ച യോഗത്തില്‍ സിപിഐ എം പ്രതിനിധകള്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ജനറല്‍ പര്‍പ്പസ് ഫണ്ടും മെയിന്റനന്‍സ് ഫണ്ടും ചുരുങ്ങിയത് 12 ശതമാനം എങ്കിലും ആയി ഉയര്‍ത്തണം. തകര്‍ന്ന ഗ്രാമീണ റോഡുകള്‍ക്ക് അറ്റകുറ്റപ്പണിനടത്താനുള്ള പണം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ ആ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത് മെയിന്റനന്‍സ് ഗ്രാന്റ് വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

പദ്ധതി വികസന ഫണ്ട് നാലാം ധനകമീഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരം പദ്ധതി അടങ്കലിന്റെ 30 ശതമാനമായി നിജപ്പെടുത്തണം. ഒറ്റയടിക്ക് ഇത്രയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ 5 വര്‍ഷം കൊണ്ട് സമയബന്ധിതമായ രീതിയില്‍ ഈ നിലയിലേക്ക് എത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം.നഗരങ്ങളെ അപേക്ഷിച്ച് പഞ്ചായത്തുകള്‍ക്ക് സ്വന്തം വരുമാനസ്രോതസ്സുകള്‍ കുറവാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം അനുവദിക്കുമ്പോള്‍ ഗ്രാമീണമേഖലയോട് വിവേചനം പാടില്ല. മുമ്പ് റോഡ് മെയിന്റനന്‍സിനും റോഡ് ഇതര മെയിന്റനന്‍സിനും ഉള്ള അതുപാതം തുല്യമായിരുന്നു. നാലാം ധനകമീഷനാണ് ഇത് 67:33 ആക്കിയത്. റോഡ് ഇതര മെയിന്റനന്‍സ് ഇനിയും കുറയ്ക്കുന്നത് ശരിയാകില്ല.

വരുമാനം വര്‍ധിപ്പിക്കാനുള്ള അധിക നികുതിനിര്‍ദേശങ്ങളൊന്നും പ്രായോഗികമല്ല. അംഗീകരിക്കാനുമാകില്ല. നിലവിലുള്ള നികുതി, നികുതിയിതര വരുമാനങ്ങള്‍ യുക്തിസഹമാക്കുകയും കാര്യക്ഷമമായി പിരിക്കുകയുമാണ് വേണ്ടത്. പദ്ധതി ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും ചുമതല ധനകമീഷന്‍ ഏറ്റെടുക്കുന്നത് ശരിയല്ല. ഇന്നത്തെ സ്ഥിതിവിശേഷത്തെ മറികടക്കണമെങ്കില്‍ യാന്ത്രികവും ഉദ്യോഗസ്ഥ മേധാവിത്വപരവും അഴിമതി ഗ്രസിച്ചിരിക്കുന്നതുമായ ഇന്നത്തെ സംവിധാനത്തെ ജനകീയാസൂത്രണകാലത്ത് എന്നപോലെ രൂപാന്തരപ്പെടുത്തണം. ഇതിന് ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ പുതിയൊരു പതിപ്പ് അനിവാര്യമാണ്.ഉറവിട മാലിന്യസംസ്കരണത്തില്‍ ഊന്നിക്കൊണ്ടുള്ള പദ്ധതി ആവിഷ്കരിക്കണം.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിന് പുതുതായി കൊണ്ടുവന്ന മാറ്റങ്ങള്‍ അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കും. ജനകീയാസൂത്രണം തുടങ്ങിയ കാലംമുതല്‍ 12 ഗഡുക്കളായിട്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പണം കൈമാറിയത്. 2014-15 മുതല്‍ ഈ സമ്പ്രദായം അവസാനിപ്പിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ പ്രോജക്ട് നിര്‍വഹണം കഴിഞ്ഞ് ബില്ലുകള്‍ ഹാജരാക്കി ട്രഷറിയില്‍നിന്ന് പണം മാറുന്ന സമ്പ്രദായം കൊണ്ടുവന്നു. ഇത് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ധനപരമായ സ്വയംഭരണത്തെ ഹനിക്കും. പണം ഗഡുക്കളായി നല്‍കിയിരുന്നെങ്കില്‍ ചെലവാകാതെ പണം ട്രഷറിയില്‍ത്തന്നെ കിടക്കുമായിരുന്നു. പുതിയ സമ്പ്രദായം പണം സമയത്ത് നല്‍കാതെ പിടിച്ചുവയ്ക്കുന്നതിനും വെട്ടിക്കുറയ്ക്കുന്നതിനുമുള്ള ഉപായം മാത്രമാണ്. അതിനാല്‍ ഈ പുതിയ സമ്പ്രദായത്തിന് ധനകമീഷന്‍ വിരാമമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്ക്, എളമരം കരീം എന്നിവരാണ് പാര്‍ടിയെ പ്രതിനിധാനംചെയ്ത് യോഗത്തില്‍ പങ്കെടുത്തത്.

നികുതികള്‍ കൂട്ടണമെന്ന് ധനകമീഷന്‍ ചെയര്‍മാന്‍
തിരുവനന്തപുരം > തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതികള്‍ കൂട്ടണമെന്ന് അഞ്ചാം ധന കമീഷന്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശ്. നികുതിപിരിവിനുള്ള ശൃംഖല വിപുലീകരിക്കണം. പ്രൊഫഷനലുകള്‍, കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെ തൊഴില്‍നികുതിയുടെ പരിധിയില്‍ കൊണ്ടുവരണം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നികുതി വര്‍ധിപ്പിക്കണം. ഇതിനുള്ള അധികാരം സംസ്ഥാന ധനകമീഷന് നല്‍കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമീഷന്റെ ആദ്യ റിപ്പോര്‍ട്ട് ഡിസംബറില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.